കോട്ടയം പുത്തനങ്ങാടി വെള്ളൂർ കുടുംബം തെക്കുംകൂർ കോട്ടയകത്തുനിന്നും പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പുത്തനങ്ങാടിയിലേക്ക് മാറി താമസിച്ച കുടുംബമാണ്. ഈ കുടുംബത്തിന് കൗതുകകരവും ബ്രഹത്തുമായ ഒരു ചരിത്രമുണ്ട്. മലങ്കരയിൽ ക്രൈസ്തവ സഭയുടെ ആരംഭം മുതൽ സഭയ്ക്ക് പിന്തുണ നൽകിയിരുന്ന ഉദയംപേരൂർ വില്വാൾവെട്ടത്ത് രാജകുടുംബത്തിന്റെ പിന്തുടർച്ചയായി കരുതപ്പെടുന്ന കുടുംബമാണ് വെള്ളൂർ കുടുംബം.
കോട്ടയത്ത് പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ച ക്രൈസ്തവ കുടിയേറ്റത്തിനു തുടക്കമിട്ടതുതന്നെ വെള്ളൂർ കുടുംബക്കാർ ആണ്. വെള്ളൂർ എന്ന കുടുംബപ്പേരിനാധാരം മൂവാറ്റുപുഴയാറിന്റെ തീരത്തെ വെള്ളൂർ പ്രദേശവും വെള്ളൂർ ഇല്ലക്കാരുമാണ്.
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
ക്രിസ്തു ശിഷ്യനായ തോമസ് അപ്പൊസ്തലൻ എ.ഡി. 56ൽ വെള്ളൂരിൽ എത്തിയതായി കരുതപ്പെടുന്നു. അനവധി അത്ഭുതപ്രവൃത്തികളാൽ അദ്ദേഹം പലരെയും ക്രിസ്തുവിശ്വാസികൾ ആക്കിയതിൽ വെള്ളൂർ ഇല്ലക്കാരും ഉണ്ടായിരുന്നു. തുടർന്ന്, കോതമംഗലത്തു ഉണ്ടായിരുന്ന ക്ഷേത്രം പള്ളിയായി മാറി. വെള്ളുവർനാട് എന്ന ക്രൈസ്തവ രാജ്യം രൂപംകൊള്ളുകയും കോതമംഗലം കേന്ദ്രമാക്കി വെള്ളൂർ മാർത്തോമ്മാ രാജാവ് ഭരിക്കയും ചെയ്തു. ഇരുനൂറു വർഷത്തോളം ഈ സ്ഥിതി തുടർന്നു. ഈ കാലമത്രയും ക്രൈസ്തവ കുടുംബങ്ങൾ ഈ പ്രദേശത്തു ഒരുമയോടെ നിലനിന്നു.
എന്നാൽ മറ്റു നാട്ടുരാജാക്കന്മാർക്ക് ഇതിൽ അമർഷവും അതൃപ്‌തിയും ഉണ്ടായി. അവരുടെ സ്വാധീനത്തിൽ പാണ്ടിരാജ്യത്തുനിന്നും മാണിക്യശേഖർ എന്ന കൊള്ളത്തലവനും സംഘവും വള്ളുവർനാട് ആക്രമിച്ചു. വള്ളുവർ നാട്ടിലെ 160 കുടുംബങ്ങളെ തിരിച്ചു മതം മാറുവാൻ അവർ നിർബന്ധിച്ചു. കഠിനമായ പീഡനം സഹിക്കാൻ കഴിയാതെ 96 വീട്ടുകാർ മതം മാറാൻ തയ്യാറായി. എന്നാൽ 64 വീട്ടുകാർ കൊടിയ യാതനകൾ സഹിച്ചും ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചുനിന്നു. അവരാണ് വെള്ളൂർ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ശാഖാ കുടുംബങ്ങളുടെ ഗോത്രപിതാക്കൾ. ഇവർ ഭസ്മം ധരിക്കാത്തവർ എന്ന അർത്ഥത്തിൽ ‘ധരിസായ്ക്കൾ’ എന്ന് അറിയപ്പെട്ടു. ഹിന്ദുക്കളോടൊപ്പം അവർ കാർഷികവൃത്തിയിലും മറ്റു വ്യാപാരങ്ങളിലും ഏർപ്പെട്ടു.
ആദ്യത്തെ സിറിയൻ കുടിയേറ്റം (എ.ഡി. 345)
അക്കാലത്ത് മലയാള നാടുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ക്നാനാ തൊമ്മൻ എന്ന സിറിയ നാട്ടുകാരൻ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ യാതനകൾ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ യാതനകൾക്ക് അറുതിവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എ.ഡി. 345 ൽ ക്നായ തൊമ്മന്റെ നേതൃത്വത്തിൽ സിറിയയിൽനിന്ന് മാർ യൗസേപ്പ് മെത്രാനും വൈദീകരും ശെമ്മാശന്മാരും എഴുപത്തിരണ്ട് വീട്ടുകാരും അടങ്ങിയ നാനൂറിൽ അധികം പേരുള്ള ഒരു സംഘം മൂന്നു പായ്ക്കപ്പലുകളിൽ മലങ്കരയിൽ എത്തി. വെള്ളൂർ കുടുംബപിതാക്കളായ ധരിസായ്ക്കൾ അവരെ സ്വീകരിച്ചു.
ഈ സംഘത്തിന്റെ ഇടപെടലിനെത്തുടർന്ന് മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് മറ്റുള്ളവരെപ്പോലെ സ്വതന്ത്ര പൗരന്മാരായി ജീവിക്കാനുള്ള അധികാരം ഭരണാധിപനായ ചേരമാൻ പെരുമാൾ നൽകി. ക്നാന തൊമ്മന് പള്ളിയും പട്ടണവും നിർമ്മിക്കുവാൻ കരമൊഴിവായി കൊടുങ്ങല്ലൂരിൽ ഭൂമി കൊടുത്തതിനാൽ സിറിയ നാട്ടുകാരും മാർത്തോമ്മാ ക്രിസ്ത്യാനികളും ചേർന്ന് കൊടുങ്ങല്ലൂരിൽ പള്ളി സ്ഥാപിച്ചു. വെള്ളൂർ മാർത്തോമാ ക്രിസ്ത്യാനികൾ ഉൾപ്പെടെ 472 വീട്ടുകാർ പള്ളിക്ക് വടക്കുവശവും 72 കുടുംബങ്ങൾ ഉള്ള സിറിയാക്കാർ പള്ളിയുടെ തെക്കുവശവും വാസമുറപ്പിച്ചു. ഈ പ്രദേശം മഹാദേവർപട്ടണം എന്ന് അറിയപ്പെട്ടു.
നാഴികകല്ലുകൾ
രണ്ടു നൂറ്റാണ്ടുകൾക്കുശേഷം സിറിയാക്കാരും മാർത്തോമ്മാ ക്രിസ്ത്യാനികളും തമ്മിൽ വർഗ്ഗ-വർണ്യ വ്യത്യാസങ്ങൾ രൂക്ഷമായപ്പോൾ വെള്ളൂർ നസ്രാണികൾ ജന്മനാടായ മൂവാറ്റുപുഴയിലെ വെള്ളൂരിലേക്ക് തിരികെപ്പോയി. അവർ വെള്ളൂരിന് പടിഞ്ഞാറ് ഉദയംപേരൂരിൽ എ.ഡി. 510 ൽ ഒരു പള്ളി സ്ഥാപിച്ചു. അങ്ങനെ ക്നാനായക്കാർ കൊടുങ്ങല്ലൂർ കോട്ടയുടെ കീഴിലും മാർത്തോമ്മാ ക്രിസ്ത്യാനികൾ ഉദയംപേരൂർ കോട്ടയുടെ കീഴിലും വാസം തുടർന്നു.
രണ്ടാമത്തെ സിറിയൻ കുടിയേറ്റവും (എ.ഡി. 825) രാജാധികാരവും
കാലാന്തരത്തിൽ മലങ്കര ക്രിസ്ത്യാനികളെയും ക്നാനായ നസ്രാണികളെയും ഒന്നിപ്പിക്കുവാൻ അന്ത്യോഖ്യാ പാത്രിയർക്കീസ് ഒരു സംഘത്തെ കേരളത്തിലേക്ക് അയച്ചു. അവർ എ. ഡി. 825 ൽ കൊല്ലത്തു വന്നു. സംഘത്തിൽ രണ്ടു മെത്രാന്മാരും രണ്ടു റമ്പാന്മാരും ഉണ്ടായിരുന്നു. ഇവർ കൊല്ലം രാജാവിന് രത്നങ്ങളും സ്വർണ്ണ നാണയങ്ങളും കാഴ്ചവെച്ചു ഭൂമിയും മറ്റവകാശങ്ങളും സ്വന്തമാക്കി. മലങ്കര സഭയിൽ ഭിന്നത ഉണ്ടാകാതിരിക്കുവാൻ ഈ മെത്രാന്മാർ ക്രമീകരണങ്ങൾ ചെയ്തു. ഇതിന്റെ ഭാഗമായി ആത്മീയ കാര്യങ്ങൾ അന്ത്യോക്യയിൽനിന്ന് കാലാകാലങ്ങളിൽ വരുന്ന മെത്രാന്മാരുടെയും ദയറാക്കാരുടെയും ചുമതലയിൽ ആക്കി. അങ്ങനെ മെത്രാന്മാരും ദയറാക്കാരും ഇല്ലാത്ത സാഹചര്യം കൈകാര്യം ചെയ്യുവാൻ പകലോമറ്റം തറവാട്ടിൽനിന്ന് ഒരാളെ അർക്കദിയാക്കാനായി വാഴിച്ചു. മലങ്കര സഭയുടെ ലൗകിക ഭരണം വെള്ളുവർനാട് കുടുംബത്തിന് ലഭിക്കയും യൗസേപ്പ് എന്നയാൾ ‘ഉദയംപേരൂർ വെള്ളുവാൾ വെട്ടത്ത് യാക്കോബായ സ്വരൂപത്തിൽ യൗസേപ്പ് രാജാവ്’ എന്നപേരിൽ വാഴിക്കപ്പെടുകയും ചെയ്തു. (ഈ പേര് പിന്നീടുവന്ന എല്ലാ രാജാക്കന്മാർക്കും പൊതുവായി നല്കപ്പെട്ടതായിരുന്നു). ഇദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരാണ് കോട്ടയകത്ത് വെള്ളൂർ എന്ന കുടുംബപ്പേരുകാർ. അങ്ങനെ വെള്ളൂർ കുടുംബം മലങ്കര മാർത്തോമാ ക്രിസ്ത്യാനികളുടെ രാജകുടുംബം എന്ന് അറിയപ്പെട്ടു. ഉദയംപേരൂർ മാർത്തമറിയം പള്ളി രാജകുടുംബപള്ളിയായി അറിയപ്പെട്ടു. 825 മുതൽ 1500 വരെയുള്ള കാലഘട്ടം വെള്ളൂർ കുടുംബ രാജാക്കന്മാർ മലങ്കര സഭയെ നയിച്ചു.
തെക്കുംകൂർ ബന്ധം
പോർച്ചുഗീസുകാരുടെ വരവിനുശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. മലങ്കര സഭയെ ഒന്നാകെ തങ്ങൾ ആഗ്രഹിച്ചതുപോലെ പോപ്പിന്റെ കീഴിൽ കൊണ്ടുവരാൻ കഴിയുന്നില്ല എന്ന കാരണത്താൽ പോർച്ചുഗീസുകാർ മലങ്കരയിൽ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിച്ചു. കൊച്ചി രാജാവിന്റെ ഒത്താശയോടെ പോർച്ചുഗീസുകാർ ഉദയംപേരൂർ വെട്ടത്തുകൊട്ടാരവും ഉദയംപേരൂർ പള്ളിയും പരിസര പ്രദേശങ്ങളും ആക്രമിച്ചു. യുദ്ധത്തെ അതിജീവിച്ച യൗസേപ്പ് രാജാവ് പലായനം ചെയ്തു. പോർച്ചുഗീസുകാരെ ഭയന്ന് കാർത്തികപള്ളിയിൽ രഹസ്യമായി കഴിഞ്ഞിരുന്ന യൗസേപ്പ് രാജാവിനെ തെക്കുംകൂർ രാജാവ് തളിയിൽ കോട്ടയിലേക്ക് ക്ഷണിച്ചു. പോർച്ചുഗീസുകാരെ നേരിടാനുള്ള അധികാരം നൽകണം എന്ന യൗസേപ്പ് രാജാവിന്റെ വ്യവസ്ഥ തെക്കുംകൂർ രാജാവായ വീര കേരളവർമ്മൻ അംഗീകരിച്ചു. അദ്ദേഹം യൗസേപ്പ് രാജാവിനെ സർവ്വാധിക്കാരായി നിയമിച്ചു. അദ്ദേഹത്തിന് ലഭിച്ച സ്ഥലങ്ങൾക്ക് വേളൂർ എന്ന് പേരുണ്ടായി. ഇത് 1515-20 കാലഘട്ടത്തിൽ ആണ്.
കാലാന്തരത്തിൽ കോട്ടയകത്ത് വെള്ളൂർ തറവാട്, കിഴക്കേയറ്റത്തു വെള്ളൂർ, കാരയ്ക്കാട്ട് വെള്ളൂർ എന്നീ മൂന്നു കുടുംബങ്ങൾ രൂപം കൊണ്ടു. വെള്ളൂർ യൗസേപ്പ് സർവ്വാധികാരിക്കാർ 1540 ൽ കോട്ടയകത്തെ വെള്ളൂർ തറവാട്ടിൽവെച്ച് അന്തരിച്ചു. [യൗസേപ്പ് സർവ്വാധികാരിക്കാരുടെ മൂന്നു ആണ്മക്കളായ യൗസേപ്പ് കത്തനാർ, ചെറിയാൻ, മാത്തു എന്നിവരുടെ പിന്മുറക്കാർ പിന്നീട് അമയന്നൂർ, മണർകാട്, തിരുവഞ്ചൂർ, പുതുപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചേക്കേറി.]
ഈ കാലഘട്ടത്തിൽ ക്രിസ്ത്യാനികളിൽ ചേരിതിരിവ് ഉണ്ടാവുകയും 1577 ൽ ക്നാനായക്കാർ കോട്ടയകത്ത് വലിയപള്ളി സ്ഥാപിക്കുകയും ചെയ്തു. വെള്ളൂർ മാപ്പിളയുടെ നേതൃത്വത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ 1579 ൽ ചെറിയ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കി. 1520 മുതൽ 1700 വരെ വെള്ളൂർ നസ്രാണികൾ തെക്കുംകൂർ കോട്ടയകത്ത് പ്രതാപശാലികളായി ജീവിച്ചു.
വേളൂർ കുരിശ് സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്. വേളൂർക്കരയുടെ വടക്ക് കിഴക്ക് അരികിൽ തൂമ്പിൽതോടിനു പടിഞ്ഞാറുവശത്തു സ്ഥാപിച്ച കരിങ്കൽ കുരിശാണ് ഇത്. ഈ കുരിശ് കല്ലിശേരിയിൽ പണികഴിപ്പിച്ച് വള്ളത്തിൽ കൊണ്ടുവന്നു സ്ഥാപിച്ചതാണ്.
എന്നാൽ 1700 ൽ അന്നത്തെ തെക്കുംകൂർ രാജാവ് ചെറിയപള്ളിയിൽ തന്റെ അധികാരം അവിഹിതമായി പ്രയോഗിച്ചതിനെത്തുടർന്ന് വെള്ളൂർ മാപ്പിളമാരും രാജാവും തമ്മിൽ കലഹവും അകൽച്ചയും ഉണ്ടായി. വെള്ളൂർ മാപ്പിളമാർ കോട്ടയ്ക്കുവെളിയിൽ പോകണമെന്നും മേലിൽ അവിടെ പ്രവേശിക്കരുതെന്നും രാജാവ് കൽപ്പന പുറപ്പെടുവിച്ചു. തുടർന്ന്, ഇരുനൂറു വർഷം മുൻപ് തങ്ങൾക്ക് കാരമൊഴിവായി കിട്ടിയിരുന്ന വെള്ളൂർ പ്രദേശത്തേക്ക് തന്നെ വെള്ളൂർ മാപ്പിളമാർ താമസം മാറ്റി.
തെക്കുംകൂർ രാജാവിന്റെ നിരോധനാജ്ഞമൂലം വെള്ളൂർ മാപ്പിളമാർക്ക് കോട്ടയകത്തെ ചെറിയ പള്ളിയിൽ പോകുന്നതിനു തടസം നേരിട്ടതിനാൽ വേളൂർ കുരിശ് ഉൾക്കൊള്ളിച്ചു പിൽക്കാലത്ത് അവർ പണിത പള്ളിയാണ് പുത്തനങ്ങാടി കുരിശു പള്ളി.
പിന്നീട് 1729 ൽ വെള്ളൂർ കുര്യനൗപ്പൻ മാർത്താണ്ഡവർമ്മയുമായി സഖ്യത്തിലായി. തെക്കുംകൂർ രാജാവ് മാർത്താണ്ഡവർമ്മയ്ക്ക് കീഴടങ്ങുകയും ഈ പ്രദേശങ്ങൾ തിരുവിതാംകൂറിന്റെ കീഴിൽ വരികയും ചെയ്തു.
പിന്നീട് പുത്തനങ്ങാടി വെള്ളൂർ കുടുംബം പ്രധാനമായും വെള്ളൂർ തറവാട്, തെക്കേത്തലയ്ക്കൽ, കരക്കാട്ട് എന്നിങ്ങനെ മൂന്നു ശാഖകൾ ആയി.
പുത്തനങ്ങാടി കുരിശുപള്ളി (കുരിശൗപ്പന്റെ പള്ളി)
പുത്തനങ്ങാടി കുരിശുപള്ളി (കുരിശൗപ്പന്റെ പള്ളി) മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ ആണ് പണിതത്. ഉയിർപ്പിനുശേഷം വരുന്ന പുതു ഞായറാഴ്ചയാണ് ഇവിടുത്തെ പെരുന്നാൾ. 1790 ൽ പുത്തനങ്ങാടിയിൽ അന്നുണ്ടായിരുന്ന 18 വീട്ടുകാർക്കുകൂടി വെള്ളൂർ തൊമ്മി തഹസീൽദാർ പള്ളി അവകാശപ്പെടുത്തികൊടുത്തു. അദ്ദേഹം 1816 ൽ അന്ന് രണ്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന തന്റെ ഇളയ പുത്രൻ കൊച്ചിടി ചാണ്ടിയെക്കൊണ്ട് 36 കിലോ ഭാരമുള്ളതും വിദേശ നിർമ്മിതവുമായ ഒരു മണി നടയ്ക്കുവെച്ചു.
എന്നാൽ കാലാന്തരത്തിൽ പള്ളിമണി ഉപയോഗ ശൂന്യമായതിനാൽ വെള്ളൂർ കുടുംബക്കാർ ചേർന്ന് 210 കിലോഗ്രാം ഭാരമുള്ള പുതിയ മണി നിർമ്മിക്കുകയും 2006 ഡിസംബർ 21 നു പുത്തനങ്ങാടിപ്പള്ളിയിൽ അത് പ്രതിഷ്ഠിക്കുകയും ചെയ്തു. ഇന്നും അന്നത്തെ പതിനെട്ടു കുടുംബക്കാരോ അതിന്റെ ശാഖക്കാരോ മാത്രമാണ് പള്ളിയുടെ ഭരണച്ചുമതല നിർവഹിക്കുന്നത്.
നാടിന്റെ വളർച്ചയിൽ കുടുംബത്തിന്റെ പങ്ക്
പഴയ തെക്കുംകൂറിന്റെ വളർച്ചയിലും താഴത്തങ്ങാടിയുടെ വികസനത്തിലും പുത്തനങ്ങാടിയുടെ ഉത്ഭവത്തിലും വെള്ളൂർ കുടുംബത്തിന്റെ സംഭാവനയും സ്വാധീനവും വളരെ വലുതാണ്. കോട്ടയം നഗരത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് നഗര പിതാവായി നമ്മുടെ കുടുംബാംഗം യശ്ശശരീരനായ കുര്യൻ ഉതുപ്പ് 12 വർഷം സേവനം ചെയ്യുകയും മികച്ച നഗര പിതാവിനുള്ള പുരസ്കാരം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനിൽ നിന്ന് സ്വീകരിക്കുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ സി. എം. എസ്. മിഷനറിമാരോടൊപ്പം നമ്മുടെ കുടുംബം സ്തുത്യർഹമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. കാർഷിക-വ്യാവസായിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകാൻ വെള്ളൂർ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കോട്ടയം വലിയ പള്ളി, ചെറിയ പള്ളി , പുത്തനങ്ങാടി കുരിശുപള്ളി, പുതുപ്പള്ളി പള്ളി, മണർകാട് പള്ളി എന്നീ ദേവാലയങ്ങളുടെ സംസ്ഥാപനത്തിലും വളർച്ചയിലും കുടുംബത്തിന്റെ പങ്ക് എടുത്ത് പറയേണ്ടതുണ്ട്.
കുടുംബയോഗത്തിന്റെ ഉദ്ദേശ്യം
വെള്ളൂർ കുടുംബത്തിന്റെ ശാഖകളിൽപ്പെട്ട വീടുകളിലെ അംഗങ്ങൾ തമ്മിൽ അന്യോന്യം അറിയുന്നതിനും, സ്നേഹവും സാഹോദര്യവും വളർത്തുന്നതിനും, കുടുംബ ബന്ധങ്ങളെക്കുറിച്ച് ബോധവാന്മാർ ആക്കുന്നതിനും, കുടുംബാംഗങ്ങളുടെ ആത്മീകവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയ്ക്കും സ്വന്തം ദേശത്തിന്റെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനും കുടുംബയോഗം നിലകൊള്ളുന്നു.
ഭരണസമിതിയുടെ ഔദ്യോഗിക ഭാരവാഹികൾ
- രക്ഷാധികാരി
- പ്രസിഡണ്ട്
- വൈസ് പ്രസിഡണ്ട്
- സെക്രട്ടറി
- ജോയിന്റ് സെക്രട്ടറി
- ഖജാൻജി
- ഓരോ ശാഖയിലെയും പ്രതിനിധികൾ
നിലവിലുള്ള ശാഖകൾ
- പുത്തനങ്ങാടി വെള്ളൂർ
- പടിഞ്ഞാറേപ്പറമ്പിൽ
- ഇലഞ്ഞിത്തറ
- കരയോരത്തിൽ
- കാണിയാട്ടുശേരിയിൽ
- പഴയചന്ത വെള്ളൂർ
- വളയത്തിൽ
- കുളങ്ങര പറമ്പിൽ
- കൈതാളാ കുടുംബം
- പുല്ലുരുത്തിക്കരി